ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് താനില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. പാർട്ടിയെ നയിക്കേണ്ടത് സിനിമ നടനല്ലെന്നും തഴക്കവും പഴക്കവുംചെന്ന രാഷ്ട്രീയ നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി നടക്കുമ്പോൾ സംസ്ഥാന അദ്ധ്യക്ഷനായി സുരേഷ് ഗോപി എത്തുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.സുരേന്ദ്രനും വി. മുരളീധരനും പറഞ്ഞാലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരില്ലെന്നും രാഷ്ട്രീയത്തില്‍ കാല്‍വെച്ചു വളര്‍ന്നവരാണ് ആ സ്ഥാനത്തേക്കു വരേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ താന്‍ അദ്ധ്യക്ഷനാവണമെന്നു പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരളഘടകത്തിൽ കേന്ദ്രം അഴിച്ചുപണിക്ക് തയ്യറാവുകയാണ്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യപരിഗണന നടനും എം.പിയുമായ സുരേഷ് ഗോപി തന്നെയാണ്. സുരേഷ് ഗോപിയുടെ ജനകീയ മുഖം കേരളത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കാണുന്നത്. പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാനും സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തുക്കുന്നത് സഹായിക്കുമെന്നും കേന്ദ്രം കാണുന്നു.
എന്നാൽ കുമ്മനം രാജശേഖരന് സ്ഥാനം ലഭിച്ചത് പോലെ ആർ.എസ്.എസ് പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷനായ വത്സൻ തില്ലങ്കേരി തല്‍സ്ഥാനത്ത് എത്തുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ആർഎസ്എസിന്റെ പിന്തുണയുണ്ടെങ്കിലും സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് പുറത്ത് വത്സൻ തില്ലങ്കേരിക്ക് സ്വീകാര്യതയില്ലെന്നതാണ് പോരായ്മ.