പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു, ചെയ്തത് നീചമായ പ്രവൃത്തി; പികെ ശശിക്കെതിരെ എംവി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.കെ ശശിക്കെതിരെ തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം പാലക്കാട് മേഖല റിപ്പോർട്ടിംഗിലാണ് എം വി ഗോവിന്ദന്റെ പരാമർശം.

സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതിയെന്നും എം വി ഗോവിന്ദൻ റിപ്പോര്‍ട്ടിൽ പറയുഞ്ഞു. പി കെ ശശി സിപിഎം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ പികെ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഡാലോചന നടത്തിയെന്നും ഇതിന്‍റെ തെളിവുകൾ പാർട്ടിക്ക് ലഭിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം പി കെ ശശി ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. അതേസമയം പികെ ശശിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിപ്പോള്‍ എംവി ഗോവിന്ദന്റെ രൂക്ഷ വിമര്‍ശനം. പാർട്ടി ഫണ്ട് തിരിമറി കേസിലാണ് മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കികൊണ്ടായിരുന്നു നടപടി.