നീതിപീഠം അനുശാസിക്കുന്ന ശിക്ഷകളിൽ ഏറ്റവും വലുതാണ് വധശിക്ഷ. തുടർന്ന് ഈ ഭൂമിയിൽ ജീവിക്കാൻ ഒരു തരിപോലും അർഹത ഇല്ലാത്തവർക്കാണ് വധ ശിക്ഷ വിധിക്കുന്നത്. വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ച ആ പേന പിന്നീട് ഉപയോഗിക്കാറില്ല. വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയോടിക്കാറുണ്ട്. വധശിക്ഷ വിധിക്ക് ശേഷം ആ ദിവസം കോടതി മറ്റ് കേസുകള്‍ പരിഗണിക്കാറുമില്ല.
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിൽ ബിഹാർ സ്വാദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പുവച്ച ശേഷവും പേന ജഡ്ജി മാറ്റിവെച്ചു. ഉത്തരവിൽ ഒപ്പുവെച്ച ശേഷമാണ് കോടതി മുറിയിൽ നിന്ന് ജഡ്ജ് പേന മാറ്റിവെച്ചത്. ചില ജഡ്ജിമാർ കോടതി മുറിയിൽ തന്നെ പേന കുത്തിയോടിക്കാറാണ് പതിവ്. ഇന്ന് കോടതി മറ്റ് കേസുകള്‍ പരിഗണിക്കുകയും ഇല്ല.
വധശിക്ഷ ഉത്തരവിൽ ഒപ്പിട്ട ശേഷം പേന തകർക്കുന്നതിന് പിന്നിലെ കാര്യങ്ങൾ പലതാണ്. ഒരിക്കൽ വധശിക്ഷ എഴുതുകയും അതിൽ ഒപ്പിടുകയും ചെയ്താൽ, വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ആ വിധി പറഞ്ഞ ജഡ്ജിമാർക്ക് അധികാരമില്ല. പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കാൻ അധികാരം ഉയർന്ന കോടതിക്ക് മാത്രമാണ്. അതിനാൽ ജഡ്ജി സ്വന്തം വിധി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പേന തകർത്ത് ഒടിച്ചു കളയുകയോ പിന്നീടൊരിക്കലും ഉപയോഗിക്കാതെ മാറ്റിവെക്കുകയോ ചെയ്യും.
ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷാ വിധിയിലൂടെ ജഡ്ജി ചെയ്യുന്നത്. അതുകൊണ്ട് അക്കാര്യത്തിന് ഉപയോഗിക്കുന്ന പേന ഇനിയൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്‍റെ പ്രതീകമായാണ് ജഡ്ജിമാർ പേന മാറ്റി വയ്ക്കുകയോ ഒടിച്ചു കളയുകയോ ചെയ്യുന്നത്.
വധശിക്ഷയ്ക്ക് ശേഷം പേന തകർക്കുന്നതിന് പറയുന്ന മറ്റൊരു കാര്യം, വധശിക്ഷ വിധിച്ച ജഡ്ജിമാർ ഒരാളുടെ ജീവൻ എടുക്കാൻ വിധിച്ച വിധിയില്‍ നിന്നുണ്ടാകുന്ന കുറ്റബോധത്തിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്. കുറ്റവാളിയെ വധിക്കാനുള്ള തീരുമാനം നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും, അത് തന്‍റെ ജോലിയുടെ ഭാഗമാണെന്നും അതിനാൽ അത്തരത്തിൽ വിധി പറയുന്ന ജഡ്ജി അസന്തുഷ്ടനാകരുതെന്നും ഒട്ടും പശ്ചാത്തപിക്കരുതെന്നുമാണ് കരുതുന്നത്. അതിനാൽ വധശിക്ഷ പ്രഖ്യാപനത്തിന് ശേഷം ജഡ്ജി പേന തകർത്തു കളയുന്നു.