'സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്'; ഗവര്‍ണറുടെ പ്രസ്താവന തള്ളി പൊലീസ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന തള്ളി പൊലീസ്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് പൊലീസിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവനയാണ് പൊലീസ് തള്ളിയത്. തങ്ങളുടെ വെബ്സൈറ്റില്‍ ഒരിടത്തും പറയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വെബ്‌സൈറ്റില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെയും പണത്തിന്റെയും കണക്ക് മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. ഗവര്‍ണറുടെ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. സ്വര്‍ണ കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Read more

വിഷയത്തില്‍ തനിക്ക് വിവരങ്ങള്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ടേ എന്നും ഗവര്‍ണര്‍ ചോദിച്ചു.