ഇ ബുൾജെറ്റ് സഹോദരന്മാരുടെ മോട്ടോർവാഹന നിയമലംഘന കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തലശ്ശേരി അഡി. സിജെഎം കോടതിയിലാണ് എബിൻ, ലിബിൻ എന്നീ സഹോദരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുകയായ 42000 രൂപ അടയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇനി കോടതിയുടെ തീർപ്പനുനുസരിച്ചാകും പിഴ അടക്കേണ്ടത് .
അതേസമയം വ‍്‍ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെഷൻസ് കോടതിയിൽ പൊലീസ് ഹർജി നൽകും. കലാപത്തിന് ആഹ്വാനം ചെയ്യുന്നതിന് എതിരെയുള്ള വകുപ്പുകൾ ഉൾപ്പെടെ ചേർത്തായിരിക്കും ഇരുവർക്കുമെതിരെ പൊലീസിന്റെ ഹർജി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേനയാണ് ഹർജി നൽകുക. കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ച എബിനും ലിബിനും ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച്ച സഹോദരന്മാരെ നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവർ മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. എന്നാൽ ഓഫീസിൽ എത്തിയ ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read more
സഹോദരങ്ങളുടെ ഇ ബുൾജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഇതോടൊപ്പം തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് കേരളത്തിന് പുറത്ത് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവർ യൂട്യൂബ് ചാനൽ വഴി നിയമവിരുദ്ധ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതയാണ് പൊലീസ് ആരോപിക്കുന്നത്. സഹോദരന്മാരുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും, ക്യാമറയും ഫൊറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏഴ് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവർക്ക് മേൽ പൊലീസ് ചുമത്തിയിട്ടുള്ളത്.