കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് 2019-ല്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.
സെപ്റ്റംബര്‍ മുപ്പത് ഞായറാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷണം പോയത്. മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
സംഭവത്തില്‍ ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെ ഉത്തരവില്‍ പറയുന്നു.
മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങള്‍ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയിരുന്നു.