ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണം; പിവി അന്‍വറിന്റെ ആരോപണങ്ങളെ ഗൗരവത്തിലെടുക്കണമെന്ന് ബിനോയ് വിശ്വം

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവകരമായി കണ്ട് തീരുമാനമെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എംഎല്‍എയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണമെന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്നുതന്നെ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തില്‍ തന്നെ അതിനെ കാണണം.
ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അതേസമയം പിവി അന്‍വര്‍ എംഎല്‍എ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി സിപിഎം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് പാര്‍ട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. അതേസമയം അന്‍വറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്ന് നേതൃത്വത്തിന്റെ ധാരണ.

മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചിരുന്നു. ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും വ്യക്തമാക്കിയ അന്‍വര്‍ വിശ്വസിച്ച് ഏല്‍പ്പിച്ച ആള്‍ തന്നെ ചതിക്കുമോയെന്നും ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.