എ.ആർ നഗർ സഹകരണ ബാങ്കിൽ ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണെന്ന് കെ.ടി ജലീൽ എം.എൽ.എ.
ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിൻ്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരൽ ഓരോ പൗരൻ്റെയും കടമയാണ്.
ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
എ.ആർ നഗർ സഹകരണ ബാങ്കിൽ ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണ്.
സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ അംഗങ്ങളും ഇരുപതിനായിരത്തിൽ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാൽ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും.
എന്നാൽ എ.ആർ നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതിൽ നിന്നുതന്നെ കാര്യങ്ങളുടെ ‘ഗുട്ടൻസ്’ ആർക്കും പിടികിട്ടും. എ.ആർ നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്.
നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നൽകുന്നത്. വ്യാജ അക്കൗണുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം ‘കമ്പനി’ക്കാണ്.
ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിൻ്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരൽ ഓരോ പൗരൻ്റെയും കടമയാണ്. ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല.