തടവുകാര്‍ ഏറ്റുമുട്ടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാവീഴ്ച തുടര്‍ക്കഥയാകുന്നു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലില്‍ നിന്ന് റിമാന്‍ഡ് തടവുകാരനില്‍ നിന്ന് കഞ്ചാവ് ബീഡിയും നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകളും ജയില്‍ അധികൃതര്‍ പിടികൂടി. റിമാന്‍ഡ് പ്രതി മുസ്തഫയില്‍ നിന്നാണ് ദേഹപരിശോധനയ്ക്കിടെ പിടികൂടിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം ജയിലിലെ ആറാം ബ്‌ളോക്ക് പരിസരത്തെ തെങ്ങിന്റെ മുകളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ച ബ്‌ളോക്കിനു സമീപം വെച്ചാണ് ഫോണുകള്‍ പിടിച്ചെടുത്തത്.

ഇതിനു മുന്‍പായി ജയിലിലെ പാചകപുരയില്‍ നിന്നും രണ്ടുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. സെന്‍ട്രല്‍ ജയിലില്‍ നിന്നും തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് കനത്ത സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍.