യു.ഡി.എഫ് സർക്കാർ 2021-ല്‍ അധികാരത്തിൽ വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയില്‍ ഇടതു സര്‍വീസ് സംഘടനകള്‍ നുണ പ്രചാരണം നടത്തുന്നതായി രമേശ് ചെന്നിത്തല. ഇത് അസംബന്ധമാണെന്നും നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുക്കുന്നതിന് യു.ഡി.എഫ് എന്നും എതിരാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇടതുമുന്നണി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നതിന് ഓര്‍ഡിന്‍സ് ഇറക്കിയപ്പോള്‍ അതിനെതിരെ നിശിതമായി പോരാടിയത് യു.ഡി.എഫ് ആണ്. സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടിലായപ്പോള്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം തട്ടിപ്പറിക്കാതെ ജീവനക്കാര്‍ സ്വമേധയാ നല്‍കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ധനസഹായം സ്വീകരിക്കണമെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്.
ഇടതുസര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുത്തപ്പോള്‍ ഇടതു സംഘടനകള്‍ അതിന് ഒത്താശ ചെയ്യുകയും വഴങ്ങാത്ത സ്വന്തം അണികളെ പോലും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. ജീവനക്കാരുടെ ആ രോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇടതുസംഘടനകള്‍ ഇപ്പോള്‍ ഇല്ലാക്കഥയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
2021ല്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇടതു സര്‍വീസ് സംഘടനകള്‍ നുണ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് അസംബന്ധമാണ്.
നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുക്കുന്നതിന് യു.ഡി.എഫ് എന്നും എതിരാണ്. ഇടതു മുന്നണി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നതിന് ഓര്‍ഡിന്‍സ് ഇറക്കിയപ്പോള്‍ അതിനെതിരെ നിശിതമായി പോരാടിയത് യു.ഡി.എഫ് ആണ്. യു.ഡി.എഫ് അനുകൂല സംഘടനകളാണ് അതിനെതിരെ കോടതിയില്‍ പോയത്. ആദ്യം പ്രളയവും പിന്നീട് കോവിഡും കാരണം സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടിലായപ്പോള്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം തട്ടിപ്പറിക്കാതെ ജീവനക്കാര്‍ സ്വമേധയാ നല്‍കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ധനസഹായം സ്വീകരക്കണമെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. അതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത നയം. മാതൃഭൂമിയില്‍ ഞാനെഴുതിയ ലേഖനത്തിലും ആ പ്രഖ്യാപിത നയം തന്നെയാണ് ആവര്‍ത്തിച്ചത്.
ജീവനക്കാര്‍ സ്വമേധയാ സംഭാവന നല്‍കിയാല്‍ അത് നന്നായിരിക്കും എന്നേ പറഞ്ഞിട്ടുള്ളൂ. അത് വളച്ചൊടിച്ച് ജീവക്കാരുടെ കയ്യില്‍ നിന്ന് ശമ്പളം പിടിച്ചെടുക്കമെന്ന മട്ടില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് നടത്തുന്ന നുണപ്രചാരണം ജീവനക്കാര്‍ തിരിച്ചറിയും. ഇടതു സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുത്തപ്പോള്‍ ഇടതു സംഘടനകള്‍ അതിന് ഒത്താശ ചെയ്യുകയും വഴങ്ങാത്ത സ്വന്തം അണികളെപ്പോലും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. ജീവനക്കാരുടെ ആ രോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇടതു സംഘടനകള്‍ ഇപ്പോള്‍ ഇല്ലാക്കഥയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
സാലറി കട്ടിന് പുറമെ ജീവനക്കാരുടെ നാല് ഗഡു ഡി.എ കുടിശിക നിഷേധിക്കുകയും, രണ്ടു വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിക്കുകയും, ശമ്പള പരിഷ്‌ക്കരണം അനന്തമായി നീട്ടിക്കൊണ്ടു പോവുകയും ചെയ്തപ്പോഴൊക്കെ അതിന് പിന്തുണ നല്‍കിയ ഇടതു സംഘടനകളാണ് ഇപ്പോള്‍ ഇല്ലാത്ത കാര്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പ് നല്‍കുന്നു.
സ്വര്‍ണ്ണക്കടത്തും അഴിമതികളും ഒന്നൊന്നായി പുറത്തു വന്നതോടെ മുഖം നഷ്ടപ്പെട്ട ഇടതു മുന്നണിയും ഇടതു സംഘടനകളും ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് വ്യക്തിപരമായി എന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചു വരികയാണ്. അതിന്റെ ഭാഗമാണ് ഈ പ്രചരണവും. പ്രബുദ്ധരായ ജീവനക്കാര്‍ അത് തിരിച്ചറിയും എന്ന് എനിക്ക് ഉറപ്പുണ്ട്.