വിവാദങ്ങള്‍ക്കൊടുവില്‍ പേ വിഷ പ്രതിരോധ വാക്‌സീന്റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സര്‍ക്കാര്‍. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്‌സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്റേയും പ്രതിരോധ വാക്‌സീന്റേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്.
കസൌളിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്‌സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക.
ഇന്നലെയാണ് ഇമ്യൂണോ ഗ്ലോബുലിന്റേയും പേ വിഷ പ്രതിരോധ വാക്‌സീന്റെയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ തീരുമാനിച്ചത് ഇന്നലെയാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പിന് കൈമാറി കഴിഞ്ഞു.
ഇനി ഏതൊക്കെ ബാച്ചിലെ വാക്‌സീനും സിറവുമാണ് പേവിഷ ബാധ ഏറ്റ് മരിച്ചവര്‍ക്ക് നല്‍കിയതെന്ന പട്ടികയെടുത്ത് ആ ബാച്ചിലെ മരുന്നുകള്‍ പരിശോധനക്ക് അയക്കും. മുന്‍ കരുതല്‍ ആയി സെന്‍ട്രല്‍ ഡ്രഗ് ലാബിലെ ഫലം വരും വരെ പരിശോധനക്ക് അയക്കുന്ന ബാച്ച് വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും ഉപയോഗിക്കില്ല
വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ന്യായീകരണം. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രേഖാമൂലം മനുഷ്യാവകാശ കമ്മിഷന് മറുപടി നല്‍കി.
നിര്‍മാതാക്കളുടെ ഗുണനിലവാര പരിശോധന മാത്രം വിശ്വസിച്ച് വാക്‌സീന് ഒരു പ്രശ്‌നവുമില്ലെന്ന് ആവര്‍ത്തിച്ച ആരോഗ്യ വകുപ്പ് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. വാക്‌സീന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. ഇതിന് പിന്നാലെയാണ് ഇന്നലെ അടിയന്തര തീരുമാനം എടുത്ത് ഇമ്യൂണോ ഗ്ലോബുലിനും വാക്‌സീനും കേരളം തന്നെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബിലേക്ക് നേരിട്ട് പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചത്