'ടെന്നീസ് കളിയല്ല, മന്ത്രിയായാലും മൈക്ക് തരില്ല'; നിയമസഭയിൽ എം ബി രാജേഷിനെ ചട്ടം പഠിപ്പിച്ച് സ്പീക്കർ

നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് അനുവാദമില്ലാതെ മറുപടി പറഞ്ഞതിൽ മന്ത്രി എം ബി രാജേഷിനെ ചട്ടം പഠിപ്പിച്ച് സ്പീക്കർ എ എൻ ഷംസീർ. ഇങ്ങനെ ചെയ്‌താൽ ഇനി മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് നൽകില്ലെന്ന് സ്‌പീക്കർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് സ്‌പീക്കറുടെ അനുവാദമില്ലാതെയാണ് എം ബി രാജേഷ് മറുപടി പറഞ്ഞത്.

ലഹരി വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുന്നതും അക്രമ സംഭവങ്ങൾ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൻ്റെ ചർച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടൽ. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദ്യം ചോദിക്കുകയും മന്ത്രി മറുപടി നൽകുകയുമായിരുന്നു.

പരസ്പ‌രമുള്ള ടെന്നീസ് കളിയല്ല നിയമസഭയിലെ ചർച്ചയെന്ന് സ്‌പീക്കർ പറഞ്ഞു. സ്പീക്കറുടെ അനുവാദമില്ലാതെ പ്രതിപക്ഷം ചോദ്യം ചോദിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്‌താൽ ഇനി മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് നൽകില്ലെന്നും ഷംസീർ ഓർമിപ്പിച്ചു. തുടർന്ന് സ്പീക്കറോട് ക്ഷമ ചോദിച്ച മന്ത്രി അനുവാദത്തോടെ മാത്രമേ സംസാരിക്കൂ എന്നും അറിയിച്ചു. എന്നാൽ ഇതിൽ ക്ഷമ പറയേണ്ട ആവശ്യമില്ലെന്നും ചട്ടപ്രകാരം അനുസരിക്കേണ്ട കാര്യമാണെന്നും ഷംസീർ മറുപടി നൽകി.

അതേസമയം ലഹരിയിൽ ജീവിതം ഹോമിക്കുന്ന മക്കളെ ഭയന്ന് കഴിയുന്ന അമ്മമാരുടെ നാടായി കേരളം മാറിയെന്ന് പ്രതിപക്ഷം പറഞ്ഞു. കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കഞ്ചാവിൻ്റെ കാലം പോയെന്നും സംസ്ഥാനത്ത് രാസലഹരികൾ ഒഴുകുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഈ മാഫിയയെ പുറത്തുകൊണ്ടുവരാൻ എന്താണ് സർക്കാർ ചെയ്യുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.

അതേസമയം ലഹരിവ്യാപനം തടയാനുള്ള വിമുക്‌തി പദ്ധതി പരാജയമെന്നും സതീശൻ ആരോപിച്ചു. ഇതിനിടെ ലഹരി വ്യാപനം കേരളത്തിലുണ്ടെന്നും എന്നാൽ ഇവിടെ മാത്രമുള്ള പ്രശ്‌നമല്ലെന്ന് മന്ത്രി എംബി രാജേഷ് മറുപടി നൽകി. കാര്യഗൗരവത്തോടെ വിഷയം അവതരിപ്പിച്ച പി സി വിഷ്‌ണുനാഥിനെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞപോലെ കേരളം ലഹരിയുടെ കേന്ദ്രമായി മാറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read more