വായനക്കാരുടെ പ്രതിഷേധം; മാതൃഭൂമി 'ലേ ഔട്ട് പരിഷ്‌കാരം' പിൻ‌വലിക്കുന്നു

വായനക്കാരുടെയും ഏജന്റുമാരുടെയും കടുത്ത പ്രതിഷേധത്തെ തുടർന്ന് മാതൃഭൂമി ദിനപത്രത്തിൽ കഴിഞ്ഞ ആഴ്ച ഏർപ്പെടുത്തിയ ലേ ഔട്ട് പരിഷ്‌കാരം പിൻ‌വലിക്കുന്നു. പുതിയ പരിഷ്‌കാരം വായനക്കാരിൽ കടുത്ത അമർഷമുണ്ടാക്കിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഏജന്റുമാർ പരിഷ്കാരത്തിനെതിരെ മാനേജ്മെന്റിൽ വലിയ തോതിൽ സമ്മർദ്ദം ചെലുത്തുകയും ഉണ്ടായി. ഇതിനെ തുടർന്നാണ് ലേ ഔട്ട് പരിഷ്‌കാരം മാറ്റി പത്രത്തിന് പഴയ മുഖഛായ നൽകാൻ തീരുമാനിച്ചത്.

അക്ഷരങ്ങളുടെ ഫോണ്ടുകളിൽ വരുത്തിയ മാറ്റം കഴിഞ്ഞ ദിവസം മാതൃഭൂമി പിൻവലിച്ചിരുന്നു. രണ്ടാം ഘട്ടം എന്ന നിലയ്ക്ക് മാസ്റ്റ് ഹെഡ് പഴയപടിയിലേക്ക് മാറ്റുകയാണ്. വരിക്കാർ ഏജന്റുമാരോട് പത്രം മാറ്റണം എന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് ഏജന്റുമാരും പ്രതിഷേധവുമായി രംഗത്തു വന്നത്. പത്രത്തിൽ താഴെ ഇടത് കോണിൽ ഉൾപ്പെടുത്തിയിരുന്ന പോക്കറ്റ് കാർട്ടൂൺ ആയ കാക ദൃഷ്ടി മാസ്റ്റ് ഹെഡിന് മുകളിലായി നൽകിയതും വൻ പ്രതിഷേധത്തിന് ഇടയാക്കി. നാളെ പുറത്തിറങ്ങുന്ന പത്രത്തിൽ പോക്കറ്റ് കാർട്ടൂൺ പഴയ സ്ഥാനത്തേക്ക് തന്നെ മാറ്റിയിട്ടുണ്ട്.

സ്ഥാപനത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ അറിവോടെയല്ല ലേ ഔട്ട് പരിഷ്‌കാരം നടപ്പിലാക്കിയതും എന്നും ആരോപണമുണ്ട്. സ്ഥാപനത്തിന് അകത്തും പുറത്തുമുള്ള മാധ്യമ പ്രവർത്തകരും ലേ ഔട്ട് പരിഷ്കാരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനെതുടർന്നാണ് മാതൃഭൂമി ലേഔട്ട് പരിഷ്‌കാരം പിൻ‌വലിക്കുന്നത്. ഘട്ടം ഘട്ടമായി പത്രത്തെ പഴയ പാരമ്പര്യ ശൈലിയിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകുകയാണ് മാതൃഭൂമി മാനേജ്‌മന്റ്. അതുകൊണ്ട് നാളെ പുറത്തിറങ്ങുന്ന മാതൃഭൂമി പത്രത്തിന്റെ മാസ്റ്റ് ഹെഡ് പഴയതുപോലെ ആകും.