തലസ്ഥാനത്ത് സ്വന്തം കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. 23കാരനായ പ്രതി ആറ് പേരെ കൊലപ്പെടുത്തിയതായാണ് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ പ്രതി അഫാന്‍ നല്‍കിയ മൊഴിയിലാണ് സാമ്പത്തിക ബാധ്യതയെ കുറിച്ച് പറയുന്നത്.
അഞ്ച് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വെട്ടേറ്റ പ്രതിയുടെ ഉമ്മ ഷമീന ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സഹോദരന്‍ അഹസാന്‍, ഉമ്മ ഷമീന. പെണ്‍സുഹൃത്ത് ഫര്‍സാന, വാപ്പയുടെ ഉമ്മ സല്‍ബാ ബീവി, പിതൃസഹോദരി ഷാഹിദ, ഭര്‍ത്താവ് ലത്തീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്നുവീടുകളിലായാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിദേശത്തെ സ്‌പെയര്‍പാര്‍ട്സ് ബിസിനസ് പൊളിഞ്ഞതിനെ തുടര്‍ന്നുണ്ടായ വലിയ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. പ്രതി നാട്ടുകാരില്‍ നിന്ന് ഉള്‍പ്പെടെ വലിയ തുക കടം വാങ്ങിയതായി പൊലീസിന് മൊഴി നല്‍കി.
ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.
Read more
പ്രതിയുടെ മാതാവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സഹോദരന്‍ അഹസാന്‍. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.