കണ്ണൂര്‍ തലശേരി പുന്നോലില്‍ ഹരിദാസന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. വീട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടി അനുഭാവികളെപോലും വെറുതെ വിടാത്ത അവസ്ഥയാണ്. ഹരിദാസിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. ആര്‍എസ്എസും ബിജെപിയും അക്രമ രാഷ്ട്രീയം നടത്തുമ്പോള്‍ സിപിഎമ്മിന്റെ സംയമനം ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിദാസന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍ ആയിരുന്നു. കൊലപാതക സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചിരുന്നു.
മത്സ്യതൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം അമിത രക്തസ്രാവമാണന്നാിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഹരിദാസന്റെ ശരീരത്തില്‍ 20 ഓളം വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇടത് കാല്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു.