ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന, നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല; എഡിജിപിയെ ന്യായീകരിച്ച് എഎന്‍ ഷംസീര്‍

എഡിജിപി എംആര്‍ അജിത്കുമാറിനെ കുറിച്ചുള്ള നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍. എഡിജിപി എംആര്‍ അജിത്കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ചാണ് എഎന്‍ ഷംസീറിന്റെ പ്രതികരണം.

എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് ഷംസീര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കര്‍ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം
മുഖ്യമന്ത്രിക്ക് എഡിജിപി എം ആര്‍ അജിത്കുമാര്‍ കത്ത് നല്‍കി. അന്വേഷണത്തില്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.

വിവാദങ്ങളുണ്ടായശേഷം എഡിജിപി എംആര്‍ അജിത് കുമാര്‍ അയക്കുന്ന രണ്ടാമത്തേ കത്താണിത്. നേരത്തെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാര്‍ കത്ത് നല്‍കിയിരുന്നു. അതേസമയം എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അതൃപ്തി അറിയിച്ച് ഡി രാജ രംഗത്തെത്തിയിരുന്നു.

ആര്‍ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ ആരോപണം. അതിനിടെ ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം.

Read more