പുരാവസ്തുക്കളുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒമ്പതുവരെയാണ് മോന്‍സന്റെ റിമാന്‍ഡ് കാലാവധി. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം കോടതിയില്‍ സമയം ആവശ്യപ്പെട്ടിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോന്‍സനെ ഏഴു ദിവസം റിമാന്‍ഡ് ചെയതത്.
പ്രതി വ്യാജ രേഖകള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. വിവിധ ബാങ്കുകളുടെ, ബിരുദത്തിന്റെയും അടക്കം വ്യാജ രേഖകള്‍ ഇയാളുടെ വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ള തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ ദിവസം വേണമെന്ന ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ, മോന്‍സന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി സുരേഷ് നിര്‍മിച്ചുനല്‍കിയ വിഗ്രഹങ്ങളും ശില്‍പങ്ങളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.
മോന്‍സന്റെ അറസ്റ്റിന് പിന്നാലെ ക്രൈംബ്രാഞ്ചിന് സന്തോഷ് പരാതി നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് എത്തിച്ചു നല്‍കിയ ശില്‍പങ്ങളില്‍ പലതും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സംഘം മോന്‍സന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍ മാറ്റുകയും ചെയ്തു. 80 ലക്ഷം രൂപ നല്‍കാം എന്നു പറഞ്ഞായിരുന്നു സുരേഷില്‍ നിന്ന് മോന്‍സന്‍ സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍ നല്‍കിയത് വെറും ഏഴ് ലക്ഷം രൂപ മാത്രമാണെന്ന് ശില്‍പിയായ സുരേഷ് പറയുന്നു. സുരേഷിനെ കബളിപ്പിച്ച കേസില്‍ മോണ്‍സന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.