കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും അനശ്ചിതത്വത്തില്‍. തെരച്ചില്‍ നടത്തേണ്ട നാവികസേന ഇതുവരെ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടില്ല. നാവികസേനയ്ക്ക് പുഴയിലിറങ്ങാന്‍ ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാവിലെ ഒന്‍പതോടെ കാര്‍വാറില്‍ നിന്നുള്ള നാവികസേന അംഗങ്ങള്‍ ഷിരൂരില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എല്ലാ കാര്യങ്ങളും തയ്യാറാണെന്നും ഉദ്യോഗസ്ഥതലത്തില്‍ നിന്ന് യാതൊരു വിധത്തിലുള്ള സഹകരണവുമില്ലെന്ന് ലോറി ഉടമ മനാഫ് പറയുന്നു.
തിങ്കളാഴ്ച നാവികസേന നടത്തിയ പരിശോധനയില്‍ ഒഴുക്ക് കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സോണാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. ജില്ലാ ഭരണകൂടം സഹകരണം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.