തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങിയ തൊഴിലാളിക്കായുള്ള തിരച്ചില്‍ തുടരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യൂവും മുങ്ങല്‍ വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് ഇന്ന് രാവിലെ ജോയിയെ കാണാതാകുന്നത്.
ജോയി ഒഴുക്കില്‍പ്പെട്ടതോടെ ഒപ്പമുണ്ടായിരുന്നവര്‍ കയറിട്ട് കൊടുത്തെങ്കിലും ജോയിയെ രക്ഷപ്പെടുത്താനായില്ല. രാവലെയോടെ ജോയിയും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനത്തിനെത്തിയത്. തുടര്‍ന്ന് ജോയി തോട്ടില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ മഴ കനത്തതോടെയാണ് അപകടമുണ്ടായത്.
തോട്ടിലെ മാലിന്യ കൂമ്പാരം രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. സ്‌കൂബ ഡൈവിംഗ് ടീം സ്ഥലത്തെത്തിയെങ്കിലും വെള്ളം കുറവായതിനാല്‍ മുങ്ങി തിരച്ചില്‍ നടത്താന്‍ സാധിക്കുന്നില്ല. നിലവില്‍ തോട്ടിലെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് തിരച്ചില്‍ നടത്താനാണ് ഫയര്‍ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥരുടെ ശ്രമം.
കൂടുതല്‍ ജീവനക്കാരെ സ്ഥലത്തെത്തിച്ച് മാലിന്യ നീക്കം ഊര്‍ജ്ജിതമാക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെയും മേയര്‍ക്കെതിരെയും സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മഴക്കാലത്തിന് മുന്‍പായി നഗരത്തിലെ ഓടകളും തോടുകളും വൃത്തിയാക്കുന്നത് പതിവാണ്. എന്നാല്‍ നഗരസഭ ഇതില്‍ അലംഭാവം കാട്ടിയെന്നാണ് വിമര്‍ശനം.