സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

സോളാര്‍ സമര വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്‍ഡിഎഫ് മുന്നോട്ടുവച്ച മുദ്രാവാക്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിച്ചതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദങ്ങളൊന്നുമില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ പരിഗണന വിഷയമായി അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടാണ് സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത് സമരത്തിന്റെ വിജയമാണെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ അജന്‍ഡ സെറ്റ് ചെയ്ത ശേഷം തങ്ങളുടെ പ്രതികരണം ചോദിച്ച് ചര്‍ച്ചയാക്കുന്നു.

Read more

അതിന് തങ്ങളില്ല. സോളാര്‍ കേസിലും അത് തന്നെയാണ്. അതിന് മറുപടി പറയേണ്ട കാര്യം തങ്ങള്‍ക്കില്ല. എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ സമരങ്ങള്‍ക്ക് സാധിക്കുമോ? ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്രകൊല്ലമായി വിളിക്കുന്നു. വിപ്ലവം വിജയിക്കട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. എന്നിട്ട് വിജയിച്ചോ? എല്ലാ മുദ്രാവാക്യങ്ങളും വിളിച്ചതുകൊണ്ട് അത് അപ്പോള്‍ തന്നെ നടപ്പിലാകുമെന്ന തെറ്റിദ്ധാരണ വേണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.