സില്‍വര്‍ ലൈന്‍ പദ്ധതി അനാവശ്യം, ജനവിരുദ്ധമെന്ന് ദയാബായി

കോഴിക്കോട് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനൊപ്പം അണിനിരന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. പദ്ധതി അനാവശ്യമാണന്നും വികസനം എന്നാല്‍ ജനങ്ങളെ പിഴുതെറിയുന്നത് ആകരുതെന്നും ദയാബായി പറഞ്ഞു. സില്‍വര്‍ ലൈനില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമര രംഗത്ത് ഉണ്ടാകുമെന്ന് ദയാബായി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കാട്ടിലപീടികയിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സമരം അഞ്ഞൂറാം ദിവസത്തിലേക്ക് അടുക്കുകയാണ്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇങ്ങനെയൊരു ജനവിരുദ്ധ നീക്കം പ്രതീക്ഷിച്ചില്ലെന്ന് ദയാബായി കുറ്റപ്പെടുത്തി. ജനങ്ങളെ കുടിയൊഴിപ്പിക്കപ്പെടുന്ന് പദ്ധതിയാണിത്. ആയിരകണക്കിന് പേരെ ഇറക്കി വിട്ടുകൊണ്ട് ആര്‍ക്കും പ്രയോജനമില്ലാത്ത പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന് പിന്ന്ില്‍ മറ്റ് ലക്ഷ്യങ്ങളുണ്ട്. പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ജനങ്ങള്‍ പദ്ധതിക്കെതിരെ ഒന്നിക്കണമെന്നും അവര്‍ പറഞ്ഞു.

Read more

സമരത്തിന്റെ അഞ്ഞൂറാം ദിവസമായ ഫെബ്രുവരി 13ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.