കൊച്ചി മെട്രോ പാളത്തിലെ തകരാര്‍ സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍). പത്തടിപ്പാലത്തിനടുത്തുള്ള 347-ാം നമ്പര്‍ തൂണിന്റെ അടിത്തറയില്‍ നേരിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതിനാലാണ് പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസം വന്നിരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ പരിശോധനയില്‍ കണ്ടെത്തി.
അടിത്തറയില്‍ മാറ്റം വന്നിരിക്കുന്നത് മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റം കൊണ്ടാണോ എന്നത് പരിശോധിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു. ചരിവുള്ള പ്രദേശത്ത് ട്രെയിനുകളുടെ വേഗം 20 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
ചരിവിന്റെ യഥാര്‍ത്ഥ കാരണെ കണ്ടെത്തി പരിഹരിക്കാന്‍ വിദഗ്ധ സേവനം തേടിയതായി കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരം അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് ട്രാക്ക് പരിശോധനയ്ക്ക് ഇടെയാണ് പാളത്തില്‍ ചരിവ് കണ്ടെത്തിയത്.
അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം നടത്തിയത്. ഇത് വിജയകരമായിരുന്നു. പുതിയ പാതയില്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.
കോവിഡ് ഇളവുകള്‍ വന്നതിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനി വരെ തിരക്ക് കൂടിയ സമയങ്ങളില്‍ മുതല്‍ ഏഴ് മിനിറ്റ് 30 സെക്കന്‍ഡ് ഇടവിട്ടാണ് സര്‍വീസ്. തിരക്കില്ലാത്ത സമയം ഒമ്പത് മിനിറ്റ് ഇടവിട്ടാണ് മെട്രോ ഓടുന്നത്.