പാലക്കാട് ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വലിയ വിവാദങ്ങളിൽ ഒന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ബിജെപി ആരോപണം. എന്നാൽ ഇപ്പോൾ ട്രോളിബാഗ് വിവാദത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജില്ലാ പോലീസ് മേദവിക്ക് സമർപ്പിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ നീല ട്രോളി ബാഗിൽ പണം ഒന്നും കണ്ടെത്താനായിട്ടില്ല എന്ന് സ്ഥിരീകരിക്കുന്നു. കള്ളപണം കൊണ്ടുവന്നതിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലയെന്നും കേസിൽ തുടർ നടപടികളില്ലയെന്നും സ്പെഷ്യൽ ബ്രാഞ്ച് മേധാവി അറിയിച്ചു.
റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ അന്നേ ദിവസം തങ്ങളെ അപമാനിക്കുന്നതിന് വേണ്ടി കേരള പോലീസ് നടത്തിയ നടപടിക്രമങ്ങളാണ് ഉണ്ടായത് എന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകയായ ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ പോലീസ് റെയ്‌ഡ് മനുഷ്യാവകാശ ലംഘനവും സ്ത്രീകൾക്ക് നേരെയുള്ള കടന്ന് കയറ്റവും ഒരു വ്യക്തിയുടെ സ്വന്തന്ത്രത്തിനുമേലുള്ള അപമാനകാരമായ നീക്കവുമാണ് എന്ന് അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ആരോപണത്തെയും തുടർന്ന് എസ് പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്ന് പാലക്കാട് ഹോട്ടലിൽ പരിശോധന നടന്നത്. സിപിഎമ്മിന്റെ പരാതിയിൽ കൃത്യമായ തെളിവുകൾ ഇല്ലായെന്നും ഇത് വെറുമൊരു ആരോപണം മാത്രമായിരുന്നു എന്നുള്ള നിഗമനത്തിലാണ് അന്വേഷണം പൂർത്തിയാകുന്നത്. നീല ട്രോളി ബാഗുമായി ഒരാൾ ഹോട്ടലിന്റെ വരാന്തയിൽ കൂടി നടക്കുന്നു എന്നല്ലാതെ അതിൽ പണമുണ്ട് എന്നോ കള്ളപ്പണം കൊണ്ടുവന്നു എന്നോ തെളിയിക്കാൻ സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ കേസ് തുടർ നടപടികളില്ലാതെ അവസാനിപ്പിക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.