'ജീവനക്കാര്‍ അക്രമം കാണിച്ചിട്ടില്ല, വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് പ്രശ്നമുണ്ടാക്കിയത്'; പരാതിക്കാരെ കുറ്റപ്പെടുത്തി സി.ഐ.ടി.യു

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിയുടെ ബസ് കണ്‍സെഷന്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ട രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി സിഐടിയു. ജീവനക്കാര്‍ അക്രമം കാണിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനിയുടെ പിതാവ് പ്രേമനാണ് പ്രശ്നമുണ്ടാക്കിയതെന്നും യൂണിയന്‍ സൗത്ത് മേഖലാ പ്രസിഡന്റ് എസ്എച്ച്എം ഷൂജ, സെക്രട്ടറി എസ് സുധീര്‍ എന്നിവര്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.

മര്‍ദ്ദനമേറ്റ പ്രേമനെ മുറിയില്‍ കയറ്റി ഇരുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചത്. കെഎസ്ആര്‍ടിസി സിഎംഡിക്കും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെതിരെയും വിശദീകരണത്തില്‍ പരാമര്‍ശമുണ്ട്. കെഎസ്ആര്‍ടിസി വിജിലന്‍സിനും പൊലീസിനും സത്യം ബോധ്യപ്പെട്ടു എന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ പിന്തുണച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്റെ ട്രാന്‍സ്ഫറിന് സംഭവവുമായി ബന്ധമില്ലെന്നും ആനത്തലവട്ടം പ്രതികരിച്ചു.

‘ട്രാന്‍സ്ഫര്‍ വാങ്ങിയ ജീവനക്കാരന്‍ ഇപ്പോള്‍ പ്രതികരിക്കാത്തത് ജീവന് പേടിയുള്ളത് കൊണ്ടല്ല. ഒരു തൊഴിലാളി തെറ്റ് ചെയ്താല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെടാം എന്നാല്‍ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല. വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണ്.’

Read more

‘പൊലീസിനെ വിളിച്ചപ്പോള്‍ പരാതിക്കാര്‍ പോകാനാണ് ശ്രമിച്ചത്. അത് കൊണ്ടാണ് അവര്‍ വിശ്രമമറിയിലേക്ക് കൊണ്ടുപോയത്. ജീവനക്കാരും രക്ഷിതാവും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി എന്നാല്‍ ക്രൂരമായ മര്‍ദ്ദനം ഉണ്ടായെന്ന് പറയുന്ന വീഡിയോ ഇല്ല. ജീവനക്കാരോട് പ്രേമന്‍ പ്രതികരിച്ച രീതി കൂടി നോക്കണം’ ആനത്തലവട്ടം പറഞ്ഞു.