ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്‌ഐ.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്ക് നേരെയുള്ള ഒരു ചൂണ്ടു പലകയാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമാ രംഗത്തെ ജൂനിയര്‍ – സീനിയര്‍ വ്യത്യാസമില്ലാതെ പല വനിതാ സിനിമാ പ്രവര്‍ത്തകരും ഇന്റസ്ട്രിയുടെ അകത്ത് നിന്ന് തന്നെ ലൈംഗീക ചൂഷണത്തിന് വിധേയമാകേണ്ടി വന്നതും, അത്തരം ശ്രമങ്ങള്‍ നേരിട്ടതും ഈ ദിവസങ്ങളില്‍ തുറന്ന് പറയുകയുണ്ടായി.
ആരോപണ വിധേയര്‍ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്യണം . തങ്ങള്‍ അനുഭവിച്ച ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു.
പരാതിപ്പെടുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന ക്യാരക്റ്റര്‍ അസാസിനേഷനുകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിച്ചത് പ്രതീക്ഷ നല്കുന്നതാണ്.
നടിക്ക് നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൈകൊണ്ട ധീരമായ നിലപാട് തന്നെയാണ് ഹേമാ കമ്മറ്റിക്ക് രൂപം കൊടുത്തത്. ഇപ്പോള്‍ പുറത്ത് വന്ന ഹേമാ കമ്മറ്റി റിപ്പോര്‍ട്ടും അതിനോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ദ്രുത ഗതിയിലുള്ള നടപടികളുമാണ് കൂടുതല്‍ സ്ത്രീകള്‍ക്ക് തുറന്ന് പറച്ചിലിനുള്ള ധൈര്യം നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലൊരു പഠനവും റിപ്പോര്‍ട്ടും രാജ്യത്ത് തന്നെ ആദ്യമായാണ്. ഇത്തരമൊരു നടപടി കേരളത്തില്‍ സാധ്യമായത് മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ – സാമൂഹിക സംസ്‌കാരവും, ഇടത്പക്ഷ ഭരണവും നിലനില്കുന്നതിനാലാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയോടെ പെരുമാറിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും നടന്‍ ധര്‍മജന്റയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐസംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.