'ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ ഇട്ടത് മുറിച്ച് ആക്രിയാക്കി വില്‍ക്കാന്‍, ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് കരുതി'; പ്രതികളുടെ മൊഴി

കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തില്‍ കൊണ്ടുപോയി വച്ചതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നും പിടിയിലായവര്‍ പറഞ്ഞു. മുന്‍പും ഇവര്‍ക്കെതിരേ ക്രമിനല്‍ കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

Read more

ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. പൊലീസെത്തി പോസ്റ്റ് മാറ്റിയിട്ടെങ്കിലും വീണ്ടും പരിശോധനയില്‍ പോസ്റ്റ് കണ്ടെത്തി. പുലര്‍ച്ചെ പോസ്റ്റ് കണ്ട സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പൊലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു.