'കേരളം നമ്പര്‍ വണ്‍' എന്ന സ്‌റ്റോറിയാണ് കേരളത്തിന്റെ റിയല്‍ സ്‌റ്റോറി; നുണ സ്റ്റോറികള്‍ക്ക് പിന്നില്‍ കേരളത്തോടുള്ള സംഘപരിവാര്‍ വൈരാഗ്യമെന്ന് മുഖ്യമന്ത്രി

ദി കേരള സ്റ്റോറി കേരളത്തിന്റെ റിയല്‍ സ്റ്റോറി അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള സംഘപരിവാര്‍ വൈരാഗ്യമാണ് നുണ സ്റ്റോറികള്‍ക്ക് പിന്നിലെന്ന് തിരിച്ചറിയണം. കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോള്‍ അത് കാണാന്‍ ആളുണ്ടാകില്ല.

ഒരൊറ്റ കേരള സ്റ്റോറിയെ ഉള്ളൂ, അത് കേരളം ‘നമ്പര്‍ വണ്‍’ എന്ന സ്റ്റോറിയാണ്. സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിലേക്ക് പോകുന്ന സംസ്ഥാനമാണ് കേരളം. കേരളം എല്ലാ കാര്യത്തിലും ‘നമ്പര്‍ വണ്‍’ ആണ്. നീതി ആയോഗിന്റെ കണക്കുകള്‍ അതാണ്. ഇതാണ് കേരളത്തിന്റെ റിയല്‍ സ്റ്റോറിയെന്ന് പിണറായി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എഎസ് നിയന്ത്രിക്കുന്ന ബിജെപിയുടെ കൈയിലേക്കാണ് അധികാരം എത്തിയത്. കേന്ദ്ര ഭരണാധികാരികളെന്ന നിലയ്ക്ക് ഭരണഘടനയും നമ്മുടെ രാജ്യത്തിന്റെ മൂല്യവും സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരാണെങ്കിലും അവര്‍ ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുയാണ് ചെയ്യുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. അഭയാര്‍ത്ഥികളായി എത്തുന്നവരോടും മതപരമായ വേര്‍ത്തിരിവ് കാണിക്കുന്നു. അഭയാര്‍ത്ഥികളുടെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നു.

Read more

എന്നിട്ടും പ്രകടന പത്രികയില്‍ പൗരത്വ നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല. എട്ടാം പേജ് നോക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍, പൗരത്വഭേദഗതി എന്നൊരു കാര്യമേ അതിലില്ല. ഇഡി വിഷയത്തില്‍ പ്രതിപക്ഷം ആരുടെ കൂടെയാണ്? ഭരണഘടന തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസാണെന്നും പിണറായി പറഞ്ഞു.