സമരം ശക്തമാക്കും; 19ന് വൈദ്യുതിഭവന്‍ ഉപരോധം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍

കെഎസ്ഇബി ചെയര്‍മാനെതിരെ നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍. ചെയര്‍മാന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കാതെ സമരം നിര്‍ത്തില്ല. 19ന് വൈദ്യുതി ഭവന്‍ ഉപരോധിക്കും. മന്ത്രിതല ചര്‍ച്ചയ്ക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍. ബാബു പറഞ്ഞു.

കേന്ദ്രത്തിന് വേണ്ടി കെഎസ്ഇബിയെ തകര്‍ക്കാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്. ചെയര്‍മാന്റെ രാഷ്ട്രീയം വ്യക്തമായി. സമരം നടത്തിയതിന്റെ പേരില്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് എതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍ അവരെ സ്ഥലംമാറ്റിയിരിക്കുകയാണ്. ഈ നടപടി പിന്‍വലിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ഇടപെടല്‍ മൂലം തിങ്കളാഴ്ച വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി തിങ്കളാഴ്ച ചര്‍ച്ച സമരക്കാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ചര്‍ച്ചയുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.

Read more

അതേ സമയം സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നിന്നിട്ട് കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ബി അശോക് പറഞ്ഞിരുന്നു. നിലവില്‍ കെഎസ്ഇബിയില്‍ പ്രശ്നങ്ങളൊന്നുമില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്മെന്റിന്റേത്. ഇതൊരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ മാത്രമേ രക്ഷപ്പെടുകയുള്ളൂവെന്നും കെഎസ്ഇബിയുടെ മൗലിക സ്വഭാവം ബലികഴിക്കാന്‍ തയ്യാറല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.