ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു; വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; പ്രതി പൊലീസ് പിടിയില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്ത വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. ഈ സമയം പ്രതി മദ്യലഹരിയിലായിരുന്നു.

ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. പ്രതി രണ്ട് ദിവസം മുന്‍പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. വിദേശത്തായിരുന്ന പ്രതി പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയയ്ക്കാറുണ്ടായിരുന്നു.

Read more

നിരന്തരം ശല്യം തുടര്‍ന്നപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്‌തെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതിന്റെ പേരില്‍ പ്രതി മോശമായി പെരുമാറി. വിദ്യാര്‍ത്ഥിനി ഇതിനെതിരെ പ്രതികരിച്ചതോടെ മദ്യലഹരിയിലായിരുന്ന സജില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.