മലപ്പുറം തിരൂര്‍ ബിപി അങ്ങാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഫലം കണ്ടു. കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടെ പുഴു വീണതിനെ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ് മുറിയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായി.
ക്ലാസിലിരിക്കുന്ന കുട്ടികളുടെ ദേഹത്തും ഭക്ഷണത്തിലും ഉള്‍പ്പെടെ പുഴു വീഴുന്നത് ഇവിടെ പതിവായിരുന്നു. സ്‌കൂളിലെ ഓടിട്ട കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും സമീപത്തെ മരം കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതുമാണ് പുഴുവും അട്ടയും ഉള്‍പ്പെടെയുള്ള പ്രാണികളുടെ നിരന്തര ശല്യത്തിന് കാരണമായിരുന്നത്.
ഇതില്‍ മനംമടുത്ത വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ക്ലാസ് മുറിയ്ക്ക് പുറത്തേക്കിറങ്ങിയതോടെ സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംഭവത്തില്‍ ഇടപെട്ടത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംഭവത്തില്‍ ആര്‍ഡിഡിയോട് റിപ്പോര്‍ട്ട് തേടി.
പുഴു ശല്യം ഉണ്ടാകുന്ന കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ മരം മുറിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ കെട്ടിടം പണിയാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.