'സ്വിമ്മിംഗ് പൂൾ കാർ ഇനിമുതൽ പൊലീസ് സ്റ്റേഷനിൽ റെസ്റ്റെടുക്കും'; കുളിക്ക് കിട്ടിയത് പണി

കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് കിട്ടിയത് എട്ടിന്റെ പണി. ഇനിയിപ്പോ സ്വിമ്മിംഗ് പൂൾ കാർ പൊലീസ് സ്റ്റേഷനിൽ റെസ്റ്റെടുക്കും. നിയമ നടപടികളുടെ ഭാഗമായി സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാർ തല്‍ക്കാലത്തേക്ക് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് ആര്‍ടിഒ അറിയിച്ചു.

കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ കൈമാറും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലുള്ള കാര്‍ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്.

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വിഷയത്തിൽ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഹൈകോടതി ഇടപെടൽ. യുട്യൂബിലെ തന്റെ പുതിയ വീഡിയോയിലൂടെയാണ് സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് രംഗത്തെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെ തന്റെ ചാനലിന് ലോകം മുഴുവന്‍ റീച്ച് ലഭിച്ചെന്നും, 10 ലക്ഷം ചെലവഴിച്ചാലും ലഭിക്കാത്ത പ്രശസ്തി തനിക്കുണ്ടായെന്നും സഞ്ജു ഏറ്റവും ഒടുവില്‍ പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞിരുന്നു.

വളരെ നന്ദിയുണ്ടെന്നും ലോകത്തിന്റെ പവ ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സ്‌നേഹപ്രവാഹമാണെന്നും സഞ്ജു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിനെയും സഞ്ജു വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. ഒരു യാത്ര പോയിട്ട് കുറെ കാലമായെന്നും കുറ്റിപ്പുറത്തേക്കുള്ള യാത്ര സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പാക്കി മാറ്റുമെന്നും സഞ്ജു പറഞ്ഞിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ തന്റെ ‘വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാര്‍ പിടിച്ചെടുത്ത എംവിടി കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

സഞ്ജുവിനെതിരെ ആറു വകുപ്പുകള്‍ പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡും ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്ക് സേവനം ചെയ്യണമെന്ന് എംവിടി ഉത്തരവുമിട്ടു. അതേസമയം ജൂണ്‍ മൂന്നു മുതല്‍ മലപ്പുറം എടപ്പാളിലുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രത്തില്‍ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണമെന്നും എംവിടി ശിക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുതിയ വീഡിയോ.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ