ഇത് ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ; വിവാദ ഭൂമി ഇടപാടില്‍ സഭയ്ക്കു വീഴ്ച പറ്റിയതായി അന്വേഷണ കമ്മീഷന്‍

വിവാദ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. എറണാകുളം-അങ്കമാലി രൂപതയുടെ ഭൂമി വില്‍ക്കുന്നതിനും വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്റെ ഭൂമി എഴുതി വാങ്ങുന്നതിലും മേൽനോട്ടം വഹിച്ചത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആയതിനാൽ അദ്ദേഹത്തിനും വീഴ്ച പറ്റിയെന്നും സഭ തന്നെ ചുമതലപ്പെടുത്തിയ അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഭൂമി ഇടപാടില്‍ 40 കോടി രൂപ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നഷ്ടമുണ്ടായെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് നടക്കുന്ന വൈദിക സമിതി യോഗത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്ന് വൈദികരും വക്കീല്‍, തഹസില്‍ദാര്‍, ചാട്ടേര്‍ഡ് അക്കൗണ്ടന്റെ എന്നിവരടങ്ങിയ ആറംഗ കമ്മീഷനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്.

ഈ മാസം 31ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് വൈദിക സമിതി ചേരുന്നതിനാല്‍ റിപ്പോര്‍ട്ട് ഇന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയാണ് ഇടപടുകള്‍ നടത്തിയിരിക്കുന്നത്.

എന്നാല്‍, സീറോ മലബാര്‍ സഭയുടെ തലവനായ ജോര്‍ജ് ആലഞ്ചേരിയാണ് ഇടപാട് സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എറണാകുളം-അങ്കമാലി അതിരൂപത എന്നതിലുപരി സീറോ മലബാര്‍ സഭയ്ക്ക് വീഴച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.