കൊച്ചിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയയാണ് കേസില്‍ എളമക്കര പൊലീസ് പിടിയിലായത്. 12.5 പവന്‍ സ്വര്‍ണവും പണവുമാണ് അന്‍സിയ കവര്‍ന്നത്. സെപ്റ്റംബര്‍ 26ന് കൊച്ചി ഇടപ്പള്ളിയിലെ ലോഡ്ജില്‍ ആണ് സംഭവം നടന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ ഇടപ്പള്ളിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
പൂജകളെ കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെ കുറിച്ചും ചോദിച്ചറിഞ്ഞാണ് അന്‍സിയ ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിച്ചത്. ഇതേ തുടര്‍ന്നാണ് യുവതിയുടെ നിര്‍ദ്ദേശ പ്രകാരം ജ്യോത്സ്യന്‍ കൊച്ചിയിലെത്തിയത്. സുഹൃത്തിന് ഒരു പ്രശ്‌നമുണ്ടെന്നും ജ്യോതിഷത്തിലൂടെ അതിന് പരിഹാരം കണ്ടെത്തണമെന്നും ആയിരുന്നു യുവതിയുടെ ആവശ്യം. ദമ്പതികളാണെന്ന് പറഞ്ഞാണ് ലോഡ്ജില്‍ മുറിയെടുത്തത്.
ഇവിടെ വച്ച് പായസം നല്‍കിയെങ്കിലും ജ്യോത്സ്യന്‍ കഴിച്ചില്ല. തുടര്‍ന്ന് ജ്യോത്സ്യന് ജ്യൂസില്‍ രക്ത സമ്മര്‍ദ്ദത്തിന്റെ ഗുളിക കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷമാണ് സ്വര്‍ണവും പണവും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. പ്രതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ നിരവധി ജ്യോത്സ്യന്‍മാരുമായി ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തി.