മഹാത്മാ ഗാന്ധിയുടെ കൊലയാളിക്ക് അമ്പലം പണിയുന്ന സംഘപരിവാറിനെയല്ല, സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിനെയാണ് ഈ രാജ്യത്തിന് ആവശ്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗാന്ധിയുടെ ഓര്‍മകളെ ഇല്ലാതാക്കുവാന്‍ ഗാന്ധി ഘാതകര്‍ ഇറങ്ങിയിരിക്കുന്ന കാലമാണിത്. ഗാന്ധിയുടെ കൊലയാളിക്ക് അമ്പലം പണിയുന്ന സംഘപരിവാറല്ല, രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ് രാഷ്ട്ര പുരോഗതിക്കും, മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിനും ഈ മഹാരാജ്യത്തിന് ആവശ്യമെന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം നമ്മെ ഓര്‍മിപ്പിക്കുന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്റെ കുറിപ്പ്…
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട്, ജനാധിപത്യധ്വംസനത്തിന്റെയും കൊളോണിയല്‍ ഭരണത്തിന്റെയും മരണമണി മുഴക്കികൊണ്ട് ഇന്ത്യ എന്ന രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിക്കാന്‍ മുന്നില്‍ നിന്നത് മഹാത്മാഗാന്ധിയാണ്. എത്രയെത്ര സഹന സമരങ്ങള്‍, ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനമുറകള്‍, ജയില്‍ വാസങ്ങള്‍ ഇവയ്‌ക്കൊന്നും തളര്‍ത്താന്‍ സാധിക്കാത്ത ആത്മധൈര്യത്തിന്റെ ആള്‍രൂപമായിരുന്നു മഹാത്മാവ്.
ഒടുവില്‍ പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിവസം പോലും, അദ്ദേഹം അങ്ങ് ദൂരെ കൊല്‍ക്കട്ടയിലെ ബെലിയഘട്ടില്‍ ഹിന്ദു മുസ്ലിം ലഹളകളും വിഭജനവുമുണ്ടാക്കിയ മുറിപ്പാടുകള്‍ ഉണക്കുകയായിരുന്നു.
ഭാരതത്തിന്റെ എക്കാലത്തെയും അഭിമാനമായിരുന്ന മഹാത്മാവിന്റെ നെഞ്ച് തകര്‍ത്ത, തീവ്രഹിന്ദുത്വ ശക്തികളുടെ 3 വെടിയുണ്ടകള്‍ 1948- ജനുവരി 30 ന് തുളച്ചു കയറിയത് ഇന്ത്യന്‍ മതനിരപേക്ഷതയുടെ നെഞ്ചകങ്ങളിലേയ്ക്കായിരുന്നു. സംഘപരിവാര്‍ ശക്തികള്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകി വിളവെടുപ്പ് നടത്തി തുടങ്ങുന്നതും അവിടെ നിന്നുമാണ്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള ആറ് പതിറ്റാണ്ടും അദ്ദേഹത്തിന്റെ ഇന്ത്യ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് വികസന പാതയില്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയെയും, പാക്കിസ്ഥാനെ പോലൊരു മത രാഷ്ട്രമാക്കുക എന്ന അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര മതവാദികള്‍ ഇന്ന് ഭരണകൂടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
Read more
ഗാന്ധിയുടെ ഓര്‍മകളെ ഇല്ലാതാക്കുവാന്‍ ഗാന്ധി ഘാതകര്‍ ഇറങ്ങിയിരിക്കുന്ന കാലം. ഗാന്ധിയുടെ കൊലയാളിക്ക് അമ്പലം പണിയുന്ന സംഘപരിവാറല്ല, രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ് രാഷ്ട്ര പുരോഗതിക്കും, മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിനും ഈ മഹാരാജ്യത്തിന് ആവശ്യമെന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.