കൊല്ലം നിലമേലില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ഇന്നാരംഭിക്കും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ നടക്കുക. മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെയാണ് ആദ്യം വിചാരണ ചെയ്യുക.
ഉത്ര വധക്കേസില്‍ പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന മോഹന്‍രാജാണ് വിസ്മയ കേസിലും ഹാജരാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു ശാസ്താംകോട്ടയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദ്ദിച്ചിരുന്നതായി പിന്നീട് കണ്ടെത്തുകയായിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഭര്‍ത്താവ് കിരൺ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാണ്. പിന്നീട് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
Read more
കുറ്റപത്രത്തില്‍ വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് വ്യക്തമാക്കുന്നത്. ആത്മഹത്യാപ്രേരണ അടക്കം ഒമ്പത് വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കൊല്ലം റൂറല്‍ എസ്പി കെ ബി രവി വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോദ്ധ്യപ്പെട്ടതായി നേരത്തെ വ്യക്തമാക്കിയിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 102 സാക്ഷികള്‍, 92 റെക്കോഡുകള്‍, 56 തൊണ്ടിമുതലുകള്‍ 20 ലധികം ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ ഡിവൈഎസ്പി രാജ് കുമാര്‍ മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പറഞ്ഞിരുന്നു.