പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ പ്രമോദ് കോട്ടൂളി പരാതിക്കാരന്റെ വീടിന് മുന്നില്‍ സമരം ആരംഭിച്ചു. അമ്മയ്‌ക്കൊപ്പം പരാതിക്കാരന്റെ വീടിന് മുന്നിലാണ് പ്രമോദിന്റെ സമരം. സത്യം തന്റെ അമ്മയെയും മകനെയും ബോധ്യപ്പെടുത്തണമെന്ന് പ്രമോദ് പറഞ്ഞു.
പാര്‍ട്ടി തെറ്റിദ്ധരിക്കപ്പെട്ടോയെന്ന് പരിശോധിക്കണം. ആരാണ് ഇതിന് പിന്നിലെന്ന് പരാതിക്കാരനായ ശ്രീജിത്ത് പറയണം. ആദ്യമായാണ് താന്‍ ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നതെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. സിപിഎം കോഴിക്കോട് ഏര്യ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.
ഇത്രകാലമായി താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. താനൊരു മോശം വ്യക്തിയാണോ. ഇത്തരത്തില്‍ ഒരു മാഫിയ ഉണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. ഇവിടെ മാഫിയകളും റിയല്‍ എസ്റ്റേറ്റുമുണ്ടാകും. എന്നാല്‍ ഇതൊന്നും ചെയ്യാത്ത തന്നെ ഇതിനകത്ത് എത്തിച്ച് കള്ളനാക്കരുത്. പട്ടിയെ പേപ്പട്ടിയാക്കി പുറംതള്ളുന്ന നടപടിയാണിതെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു പ്രമോദിനെതിരെ പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചത്. 60 ലക്ഷം രൂപയ്ക്ക് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്യുകയും 22 ലക്ഷം ഇതിനായി പ്രമോദ് വാങ്ങിയെന്നുമാണ് പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് സംസ്ഥാന കമ്മിറ്റിയ്ക്ക് ഉള്‍പ്പെടെ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തിരുന്നു. താന്‍ നിരപരാധിയാണെന്നും പരാതി വ്യാജമാണെന്നും പ്രമോദ് ജില്ലാ സെക്രട്ടേറിയറ്റിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ സംസ്ഥാന നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമോദിനെതിരെ നടപടിയെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രമോദിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.