സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുത് എന്ന നിര്‍ദ്ദേശത്തിന് എതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലന്‍. സെമിനാറില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒലിച്ചു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കമ്യൂണിസ്റ്റ് വിരുദ്ധത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സുധാകരന്‍ പാര്‍ട്ടിയെ നയിക്കുന്ന കാലത്തോളം ഇത് തുടരും. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് കൊടുക്കരുതെന്ന് പറഞ്ഞ ആളാണ് അദ്ദേഹം എന്നും എകെ ബാലന്‍ കുറ്റപ്പെടുത്തി.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തെയും എകെ ബാലന്‍ വിമര്‍ശിച്ചു. ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതാണ് യുഡിഎഫിന്റെ സമീപനം. വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന്‍ വച്ചു എന്നാണ് അവര്‍ കരുതുന്നത്. പഴയ ചങ്ങനാശ്രിയിലെ അനുഭവം വെച്ച് വിമോചന സമരം നടത്താനാകില്ലെന്നും ബാലന്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചതിന് ശേഷവും ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പിന്നെ ഒരിക്കലും യുഡിഎഫ് അധികാരത്തില്‍ വരില്ലെന്ന് തിരിച്ചറിഞ്ഞതില്‍ നിന്നുള്ള തുള്ളലാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.