ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നാളെ വിധി പറയും. കോട്ടയം ജില്ല സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക. 105 ദിവസത്തോളം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. കഴിഞ്ഞയാഴ്ച വിചാരണ പൂര്‍ത്തിയായി തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് 14 ന് വിധി പറയുമെന്ന് കോടതി അറിയിച്ചത്.
ബലാത്സംഗം അന്യായമായി തടവില്‍ വെയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗം, പ്രകൃതവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബിഷപ്പിനെതിരെ കേസെടുത്തു. എന്നാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതോടെ മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരവുമായി രംഗത്തെത്തി. വൈക്കം ഡി.വൈ.എസ്.പി ആയിരുന്ന കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല.
ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി പിന്നീട് സെപ്റ്റംബര്‍ 21 നാണ് അറസ്റ്റ് ചെയ്തത്. 21 ദിവസത്തോളം പാലാ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു. പിന്നീടാണ് കേസില്‍ ജാമ്യം ലഭിച്ചത്. ഒക്ടോബര്‍ 15ന് ഹൈക്കോടതി ജാമ്യം നല്‍കിപ്പോള്‍ പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചിരുന്നില്ല.
Read more
കേസില്‍ 2019 ഏപ്രില്‍ നാലിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ല്‍ വിചാരണ തുടങ്ങിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെടെ 83 പേരുള്ള സാക്ഷിപ്പട്ടികയിലെ 39 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന് 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് ആറ് സാക്ഷികളെയാണ് വിസ്തരിച്ചത്. ഈ മാസം പത്തിനാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. അഡ്വ. ജിതേഷ് ജെ. ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. രഹസ്യ വിചാരണകള്‍ പൂര്‍ത്തിയായി നാളെ വിധി വരുമ്പോള്‍ പ്രതിഷേധത്തിന് മുന്നില്‍ നിന്നവര്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.