ഹിജാബ് കേസില്‍ ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് ഇന്നത്തെ വിധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. അതേസമയം, ഹിജാബ് ധരിക്കുക എന്നത് മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ അവകാശമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം.സി. മായിന്‍ഹാജി പറഞ്ഞു. കര്‍ണാടക ഹൈക്കോടതിയുടെ വിധി നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് നിരോധനത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി പൂര്‍ണമായും ശരിവെച്ചു. ഹിജാബ് അനിവാര്യമല്ലെന്നും, മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ വിശാല ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂളുകളില്‍ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കോടതി അറിയിച്ചു.