മാസങ്ങളായി കാത്തിരുന്നിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വാഹന ഉടമകള്‍. മൂന്നര മാസത്തിലേറെയായി വാഹന ഉടമകള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. വിവിധ ആര്‍ടി ഓഫീസുകളില്‍ പണമടച്ച് അപേക്ഷ നല്‍കിയ നൂറ് കണക്കിന് ആളുകള്‍ക്കാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളത്.
വാഹന ഉടമകള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ബന്ധപ്പെടുമ്പോള്‍ വിവിധ കാരണങ്ങളാണ് ഓരോ ഓഫീസുകളും അറിയിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സര്‍ട്ടിഫിക്കറ്റ് വൈകുന്നതിന്റെ കാരണമെന്നാണ് വാഹന ഉടമകളുടെ പരാതി. ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ യഥാസമയം അപ്ലോഡ് ചെയ്യാത്തതാണ് സര്‍ട്ടിഫിക്കറ്റ് വൈകുന്നതിന്റെ കാരണമായി വാഹന ഉടമകള്‍ പറയുന്നത്.
സേവനാവകാശ നിയമ പ്രകാരം പത്ത് ദിവസത്തില്‍ ലഭിക്കേണ്ട രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനായാണ് നൂറ് ദിവസത്തിലേറെയായി പലരും കാത്തിരിക്കുന്നത്. അതേ സമയം സെന്‍ട്രലൈസ്ഡ് ആര്‍സി പ്രിന്റിംഗ് നടപ്പാക്കുന്നതിന് മുന്നോടിയായി ആര്‍സി പ്രിന്റ് ചെയ്തതില്‍ സംഭവിച്ച പിഴവുകള്‍ സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയതായും വീണ്ടും പ്രിന്റ് ചെയ്യുന്നതിന് അനുവാദം ലഭിക്കുന്നത് അനുസരിച്ച് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.