വാളയാർ കേസ്; നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി

വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. നിലവിൽ പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസാണ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസ് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐയാണ് കോടതിയെ സമീപിച്ചത്.

സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ഇവരുടെ ആരോപണം. ഇത് തളളിയാണ് കോടതിയുത്തരവ്. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവിൽ സിബിഐയാണ് പുനരന്വേഷിക്കുന്നത്.

അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകിയാൽ കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. സോജൻ മക്കളെ കുറിച്ച് ചാനൽ വഴി മോശമായി സംസാരിച്ചു. അങ്ങനെ ഒരാൾക്ക് ഐപിഎസ് കൊടുക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. എംജെ സോജന് ഐപിഎസ് നൽകുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നായിരുന്നു അഭിപ്രായം തേടിയത്. അമ്മ പറയേണ്ട കാര്യങ്ങൾ ആഭ്യന്തരവകുപ്പിനെ രേഖാമൂലം അറിയിച്ചു.

2017ലായിരുന്നു വാളയാർ സംഭവം നടന്നത്. ദിവസങ്ങളുടെ ഇടവേളയിൽ 11 ഉം 9 ഉം വയസുള്ള പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൻ്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എംജെ സോജൻ പ്രതികളെ രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി എന്ന് ആരോപണമുയർന്നു. ഈ വിഷയമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും അന്നത്തെ ഡിവൈഎസ്പി ആയിരുന്ന സോജൻ പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നത് ഏറെ വിവാദമായിരുന്നു.