വാളയാര്‍ കേസില്‍ പുനഃരന്വേഷണത്തിന് ഉത്തരവ്. കേസില്‍ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളിക്കൊണ്ട് പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്. സിബിഐ തന്നെ കേസ് പുനഃരന്വേഷിക്കണമെന്നാണ് നിര്‍ദ്ദേശം. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി.
പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് ശരിവെച്ചു കൊണ്ടുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ കുറ്റപത്രം റദ്ദാക്കണമെന്നും മക്കളുടേത് കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേസമയം കോടതി നടപടിയില്‍ സന്തോഷമെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം തെറ്റാണെന്ന് കണ്ടെത്തുകയും അത് തള്ളിക്കളയുകയും ചെയ്തതില്‍ സന്തോഷമുണ്ട്. ഇനി നടക്കുന്ന അന്വേഷണത്തില്‍ മക്കളുടേത് കൊലപാതകം തന്നെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യമെന്നും അമ്മ പ്രതികരിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് വാളയാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. ജനുവരി 2 നാണ് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 2017 ജനുവരി 13ന് 13 വയസുകാരിയേയും മാര്‍ച്ച് 4ന് സഹോദരിയായ ഒന്‍പതു വയസുകാരിയെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വഭാവിക മരണമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പിന്നീട് ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.