പൂഞ്ഞാര്‍ കുന്നോന്നിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത മഴയെ തുടര്‍ന്ന് നാട്ടുകാര്‍ കണ്ടത് വിചിത്രമായ കാഴ്ചയായിരുന്നു. അമ്പലം ഭാഗത്തെ തോട്ടിലെ വെള്ളം പതിയെ പാല്‍ പോലെ വെളുത്ത നിറത്തിലായി. കണ്ടുനിന്നവരില്‍ ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും പതിയെ നിറത്തിന്റെ കാരണം കണ്ടെത്തുകയായിരുന്നു.
സമീപത്തെ പുരയിടത്തിലെ പൈപ്പില്‍ നിന്ന് ഒഴുകിയെത്തിയ റബര്‍ പാല്‍ ആയിരുന്നു വെളുത്ത നിറത്തിന് കാരണമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4ന് ആയിരുന്നു സംഭവം നടന്നത്. പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന വീപ്പയില്‍ ശേഖരിക്കാന്‍ പൈപ്പിലൂടെ ഒഴുക്കിയ റബര്‍ പാല്‍ ഒഴുകിയെത്തി തോട്ടില്‍ കലര്‍ന്നതോടെയാണ് കുന്നോന്നി നിവാസികളെ ആശങ്കയിലാക്കിയ വെളുത്ത നിറത്തിലുള്ള വെള്ളത്തിന് കാരണമായത്.
പൈപ്പില്‍ സംഭവിച്ച വിള്ളലാണ് പാല്‍ തോട്ടിലേക്ക് ഒഴുകാന്‍ കാരണമായത്. ഏകദേശം 250 ലിറ്റര്‍ പാല്‍ തോട്ടിലേക്ക് ഒഴുകിയതായാണ് വിവരം. തോട്ടില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ഭാഗത്ത് റബര്‍ പാല്‍ പരന്നൊഴുകിയതായാണ് നാട്ടുകാര്‍ പറയുന്നത്. അതിശക്തമായ മഴ പെയ്തിരുന്നതിനാല്‍ മണിക്കൂറുകള്‍ കൊണ്ട് തോട്ടിലെ വെള്ളം സാധാരണ നിലയിലായി.