ജനഹിതം അംഗീകരിക്കുന്നു; തോല്‍വി വ്യക്തിപരമല്ല, പാര്‍ട്ടി അന്വേഷിക്കുമെന്ന് ജോ ജോസഫ്‌

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം അംഗീകരിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിക്ക് അനുമോദനങ്ങള്‍ നേരുന്നു. പാര്‍ട്ടി ചെയ്യാവുന്നതെല്ലാം ചെയ്തു. തോല്‍വി വ്യക്തിപരമല്ലെന്നും ഇതേ കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ജോലി താന്‍ കൃത്യമായി ചെയ്തു. തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കും. ഒരു തോല്‍വി കൊണ്ട് പാര്‍ട്ടി പിന്നോട്ട് പോകില്ല. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയായിരുന്നിതെന്നും ജോ ജോസഫ് പറഞ്ഞു. തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍,മോഹനന്‍ പറഞ്ഞിരുന്നു.

തോല്‍വി സമ്മതിക്കുന്നുവെന്നും അവിശ്വസനീയവും അപ്രതീക്ഷിതവുമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും ഭരണം വിലയിരുത്തപ്പെടാന്‍ ഇത് സംസ്ഥാന തിരഞ്ഞെടുപ്പ് അല്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

Read more

ജനവിധി അംഗീകരിക്കുന്നതിന് ഒപ്പം പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും പ്രചാരണം നടത്തിയത് വന്‍രീതിയിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു.