മുട്ടിലിഴഞ്ഞു, കല്ലുപ്പിൽ നിന്നു, ശയനപ്രദക്ഷിണം നടത്തി; പക്ഷേ സർക്കാരിന്റെ കണ്ണ് തുറന്നില്ല, വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് തീരും

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന വനിത സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. മുട്ടിലിഴഞ്ഞും കല്ലുപ്പിൽ മുട്ടുകുത്തി നിന്നും ശയനപ്രദക്ഷിണം നടത്തിയും പാട്ടകുലുക്കി ഭിക്ഷയാചിച്ചും സഹനത്തിൻ്റെ സമര മുറകൾ പലതും പയറ്റിയിട്ടും വനിത ഉദ്യോഗാർത്ഥികൾക്ക് നിരാശയാണ്‌ ഫലം. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്.

കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്യുന്ന മൂന്നു വനിത ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് ഇന്നലെ നിയമന ശുപാർശ ലഭിച്ചിരുന്നു. എന്നാൽ പരമാവധി നിയമനം നടത്തണമെന്നാണ് സമരം തുടരുന്നവരുടെ ആവശ്യം. കഴിഞ്ഞ ദിവസവും പ്രതീകാത്മക ബാലറ്റ് പെട്ടിയിൽ വോട്ട് ചെയ്തും, റീത്ത് വച്ചും സമരക്കാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഉദ്യോഗാർത്ഥിളോട് സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Read more

ഈ മാസം തുടക്കത്തിലാണ് വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 20 നാണ് 964 പേരുൾപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.