വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ്റിങ്ങലിലായിരുന്നു സംഭവം. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് പൊലീസികാര്‍ക്ക് എതിരെ നടപടിയെടുത്തത്.
ആറ്റിങ്ങല്‍ നഗരൂരില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഈ പൊലീസുകാര്‍. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്കോ മദ്യവില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങിയ ശേഷം ഇവര്‍ സമീപത്തുള്ള വീടിനരികില്‍ മൂത്രമൊഴിക്കുകയായിരുന്നു.
റെയില്‍വേ ഉദ്യോഗസ്ഥനായ വീട്ടുടമ ഇവരുടെ നടപടി ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ഇവര്‍ക്ക് എതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ റെയില്‍വേ ജീവനക്കാരന്‍ അറിയിച്ചതോടെ കോട്ടയത്തുനിന്നുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും മര്‍ദ്ദനമേറ്റ യുവാവ് പറഞ്ഞു.