ആത്മഹത്യയല്ല, ഉറക്കഗുളികയുടെ ഡോസ് അ‌ധികമായിപ്പോയതാണെന്ന് യുവനടി

താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അ‌മിതമായ അ‌ളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അ‌ധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്ന് പൊലീസ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ നടിയുടെ ഈ മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് വിവരം. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അ‌വശയായ നടിയെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അ‌പകടനില തരണംചെയ്തിട്ടുണ്ട്.

വിവരം പുറംലോകം അറിഞ്ഞതോടെ നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അ‌ന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആത്മഹത്യശ്രമത്തിന് പിന്നിൽ ദിലീപിനെതിരെ ഉയർന്ന പുതിയ വെളിപ്പെടുത്തലിന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

Read more

ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി കൂടിയായ യുവനടിയുടെ ആത്മഹത്യ ശ്രമത്തിന് ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും മനോ​രമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉറക്കഗുളികയുടെ ഡോസ് അ‌ധികമായിപ്പോയതാണെന്ന് നടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.