Connect with us

KERALA

തേനിയിലെ അപകടം; റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

, 5:04 pm

തേനിയില്‍ ട്രക്കിങ്ങിനിടെയുണ്ടായ കാട്ടുതീയില്‍ അകപ്പെട്ടു പതിനൊന്നു പേര്‍ മരിച്ച സംഭവത്തില്‍ കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ ജയ്‌സിങിനു സസ്‌പെഷന്‍. ട്രക്കിങ് സംഘം അനധികൃതമായി വനത്തില്‍ പ്രവേശിച്ചത് തടയാതിരുന്നതിനാണ് നടപടി. അതേ സമയം ട്രക്കിങ് നടത്തിയത് അനുമതിയില്ലാതെയാണെന്ന് തേനി എസ്.പി വി.ഭാസ്‌കര്‍ പറഞ്ഞു.

ട്രക്കിങിനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച പാക്കേജിലാണ് തമിഴ്‌നാട്ടില്‍ നിന്നും 39 പേരടങ്ങുന്ന സംഘം തേനി മീശപ്പുലിമലയില്‍ ട്രക്കിങിനായി എത്തിയത്. അപകടകരമെന്ന്  മുന്നറിയിപ്പുണ്ടായിരുന്നിട്ടും സംഘം അനിയന്ത്രിതമായി പ്രവേശിക്കുകയായിരുന്നു. ടോപ് സ്റ്റേഷന്‍ വരെമാത്രമണ് വനം വകുപ്പ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. ഇവര്‍ക്ക് ടൂറിസ്റ്റ് ഗൈഡായിട്ടെത്തിയിരുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ട്രക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രക്കിങ് ക്ലബ് ഉടമ പീറ്റര്‍ വന്‍ജീത്, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായും എസ്പി അറിയിച്ചു. ചെന്നൈ, തിരുപ്പൂര്‍, ഈറോഡ് സ്വദേശികളായ 28 സ്ത്രീകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണു ഞായറാഴ്ച ഉച്ചകഴിഞ്ഞു ദുരന്തത്തില്‍പ്പെട്ടത്. വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ട്രക്കിങിനിടയിലാണ് അപകടം സംഭവിച്ചത്.തീപടര്‍ന്നു പിടിച്ചതോടെ സംഘം പലവഴിക്കു ചിതറിയോടുകയായിരുന്നു.