കേരളത്തിലുള്ളത് 104 പാക്കിസ്ഥാനികള്‍; കൂടുതല്‍ മലപ്പുറത്തും കോഴിക്കോടും; 59 പേരെ ഉടന്‍ നാടുകടത്തും; ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ നടപടിയുമായി പിണറായി സര്‍ക്കാര്‍

പൊലീസിന്റെയും വിവിധ കേന്ദ്ര ഏജന്‍സികളുടെയും കണക്കനുസരിച്ച് കേരളത്തിലുള്ളത് 104 പാക്കിസ്ഥാന്‍ പൗരന്‍മാര്‍. ഇവരെ ഉടന്‍ കയറ്റിഅയക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വിവാഹംകഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ത്തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍ പൗരര്‍ക്ക് കേരളം വിട്ടുപോകേണ്ട. അല്ലാത്തവരെ അടുത്ത ചെവ്വഴ്ച്ചയ്ക്ക് മുമ്പ് കയറ്റി വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ 59 പേരാണ് ഉടന്‍ രാജ്യം വിടേണ്ടി വരുന്നത്. കേരളത്തില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ദീര്‍ഘകാല വിസയുള്ളവര്‍ ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.

അതേസമയം, സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍നിന്ന് മലപ്പുറത്തുവന്ന പാക് പൗരയായ ഇന്നലെ യുവതി തിരിച്ചുപോയി. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.

പാകിസ്താന്‍ പൗരന്മാരെ ഉടന്‍ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ ഭാഗമായാണ് കേരള സര്‍ക്കാരും നീക്കം നടത്തിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.

Read more

എല്ലാം സംസ്ഥാനങ്ങളിലുമുള്ള പാകിസ്താന്‍ പൗരന്മാരെ കണ്ടെത്തി ഉടന്‍ നാടുകടത്താനാണ് നിര്‍ദേശം. നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരന്മാര്‍ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകള്‍ റദ്ദാക്കുകയും ചെയ്തു. കൂടാതെ ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.