കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി. ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. കാശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

നിലവിൽ ലഭിച്ച 49 രജിസ്‌ട്രേഷനിലൂടെ 575 പേർ കശ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവർക്ക് അവ സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഡൽഹിയിൽ എത്തുന്നവർക്ക് സഹായങ്ങൾ നൽകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർയാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവർക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹൽഗാം ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം- മുഖ്യമന്ത്രി അറിയിച്ചു.

Read more

അതേ സമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് കാരണം എന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടര മണിക്കൂർ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങൾ നടന്നപ്പോൾ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വർഷങ്ങൾക്കിപ്പുറം മരവിപ്പിക്കാൻ തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണം വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻറെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ഇന്ന് ചേരും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചർച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.